ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധർമ്മ സങ്കൽപ്പം – വെള്ളാപ്പള്ളി.

ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധർമ്മ സങ്കൽപ്പം – വെള്ളാപ്പള്ളി.

ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യർക്കും ലഭ്യമാക്കണമെന്ന നിർബന്ധമാണ് ഗുരുദേവന്റെ ധർമ്മ സങ്കൽപ്പത്തിലുണ്ടായിരുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ എ ശാഖയുടെ ഭാഗമായി നിർമ്മിച്ച നാരായണമഠത്തിന്റെയും സ്റ്റോർ റൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അദ്വൈത വേദാന്തമാണ് ഈ ധർമ്മ സങ്കൽപ്പത്തിന്റെ പിന്നിലുള്ളത്. അദ്വൈത വേദാന്തത്തെ ജനകീയവത്കരിച്ച് മനുഷ്യനെ മനുഷ്യന് മുന്നിൽ ഗുരു തുല്യരാക്കി. എന്നാൽ ഇന്ന് ഗുരു ദർശനങ്ങളിൽ നിന്ന് എല്ലാവരും അകലുകയാണ്. നമ്മൾ ഇന്നും ചിഹ്നം നോക്കി വോട്ടുചെയ്യുന്നു. ജനസംഖ്യാനുപാതികമായി ഒന്നും ലഭിക്കുന്നില്ല. ഇനിയെങ്കിലും പുതിയ മുദ്രാവാക്യങ്ങൾ വേണം. നട്ടെല്ലും അഭിമാന ബോധവും വേണം. ഇനിയും ആരുടെയും വാലാട്ടികളാവരുത്. ആർ.ശങ്കറിനെ പോലും ഭരിക്കാൻ അവസരം കൊടുക്കാത്തവരാണ് ഈ അവസരവാദികൾ. കേരളകോൺഗ്രസ് ഉണ്ടായത് തന്നെ ആർ.ശങ്കറിനെ തകർക്കാനായിരുന്നു. സംഘടിക്കാൻ ഗുരു പറഞ്ഞത് ആരെയും തകർക്കാനല്ല. അവകാശപ്പെട്ടത് നെടിയെടുക്കാനാണ്. എല്ലാ രംഗത്തും ഈഴവർ അവഗണിക്കപ്പെടുകയാണ്. ഈഴവന് കൊടുക്കാൻ ആരുമില്ല. മുന്നോക്കകാരന് വീണ്ടും വീണ്ടും വാരിക്കോരി കൊടുക്കുന്നു. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്പം നടപ്പാക്കിയത് ആർ.ശങ്കറാണ്. എന്നിട്ടും ആർ.ശങ്കറോട് പോലും സമുദായം നന്ദി കാണിച്ചില്ല. അങ്ങനെയുള്ള സമുദായ ദ്രോഹികളെ നമ്മൾ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശാഖാ പ്രസിഡന്റ് പ്രകാശ് നടേശൻ അദ്ധ്യക്ഷനായി. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, മേഖല കൺവീനർ ഇരവിപുരം സജീവൻ, വാർഡ് മെമ്പർ സോണി അനിൽകുമാർ, ശാഖ വൈസ് പ്രസിഡന്റ് കുട്ടപ്പൻ വടക്കേപണയിൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ എൻ.അശോകൻ, എൽ.ഷാജി, ആർ.എസ്.കണ്ണൻ, ഡി.പ്രകാശ്, എസ്.സനോജ്, സിന്ധു രമേശ്, ജോ. കൺവീനർ ബിനു രാജൻ ചെപ്പള്ളി, വനിത സംഘം പ്രസിഡന്റ് ലീന മോഹൻ, സെക്രട്ടറി അമ്മിണി അനി, യൂത്ത് മൂവ്മെന്റ് നേതാക്കളായ ബിപിൻ, വിഷ്ണു, കാജൽ, അജിൻ ലാൽ, അരുൺ ലാൽ, നാരായണൻ, മിഥുൻ, അശ്വിൻ എന്നിവർ സംസാരിച്ചു.

ശാഖാ സെക്രട്ടറി കെ.എസ്.സജു സ്വാഗതവും കുട്ടപ്പൻ പണയിൽ നന്ദിയും പറഞ്ഞു. പ്രസന്നകുമാരി പ്രാർത്ഥന ചൊല്ലി. പൊതുസമ്മേളനത്തിൽ എം.ബി.ബി.എസ് നേടിയ കരിക്കട്ടഴികത്തിൽ ഡോ. ഗൗരി ഗിരീഷിനെയും രാധാ മന്ദിരത്തിൽ ഡോ. അഞ്ജനയെയും ഉത്രാടത്തിൽ ഡോ. രമ്യ സജുവിനെയും ശാഖാ മാനേജിംഗ് കമ്മിറ്റി അംഗവും നാരായണ മഠം എൻജിനിയറും എസ്.എൻ ട്രസ്റ്റ്സ് എൻജിനിയറുമായ ആർ.എസ്.കണ്ണനെയും വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.